പഞ്ചായത്തുകളുടെ സവിശേഷതകള്‍ക്കിണങ്ങുന്ന വിധം പഞ്ചായത്തു കെട്ടിട നിര്‍മാണച്ചട്ടം അംഗീകരിച്ച് ഉത്തരവായി. നഗരസ്വഭാവമാര്‍ജിച്ചവയെന്നും അല്ലാത്തവയെന്നും പഞ്ചായത്തുകളെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഏതാനും പഞ്ചായത്തുകളില്‍ വര്‍ഷങ്ങളായി കെട്ടിട നിര്‍മാണചട്ടം ബാധകമാണ്. ദീര്‍ഘകാലമായി ചട്ടത്തില്‍ അനുശാസിക്കും വിധം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന ഇത്തരം പഞ്ചായത്തുകളാണു നഗരസ്വഭാവം ആര്‍ജിച്ചവയായി കണക്കാക്കുക. ഇവയില്‍ ചില ഭേദഗതികളോടെ തുടര്‍ന്നും നിയമം ബാധകമായിരിക്കും. 2007 ജൂണ്‍ ആറു മുതല്‍ നിയമം നടപ്പാക്കിയ പഞ്ചായത്തുകളില്‍ ഒരു കുടുംബത്തിന്‍റെ താമസാവശ്യത്തിനായി നിര്‍മിക്കുന്ന വീടുകള്‍ക്ക് അനുമതി ആവശ്യമില്ല. ഒന്നിലേറെ കുടുംബങ്ങള്‍ക്കു താമസിക്കാനുള്ളതാണെങ്കില്‍ 300 ചതുരശ്ര മീറ്റര്‍ (3229 ച:അടി) വരെ വിസ്തൃതിയും രണ്ടു നില വരെയും ഉള്ള കെട്ടിടമാണെങ്കില്‍ അനുമതി ആവശ്യമില്ല. രണ്ടു നില വരെയുള്ളതും 150 ചതുരശ്ര മീറ്ററില്‍ (1614 ച:അടി) താഴെ വിസ്തൃതിയുള്ളതുമായ കച്ചവട സ്ഥാപനങ്ങള്‍, ഓഫിസ് റൂമുകള്‍, പണിശാലകള്‍, റസ്റ്ററന്‍റുകള്‍, 3 എച്ച്‌പി വരെ മോട്ടോര്‍ സ്ഥാപിച്ചിട്ടുള്ള വര്‍ക്ക്‌ഷോപ്പുകള്‍, കയര്‍, കശുവണ്ടി, കൈത്തറി നെയ്തുശാലകള്‍, കോഴി വളര്‍ത്തല്‍ സ്ഥാപനങ്ങള്‍, മുതലായവയും അനുമതി കൂടാതെ നിര്‍മിക്കാം. ഈ പരിധിയില്‍ വരുന്ന ആശുപത്രികള്‍, ക്ലിനിക്കുകള്‍, ആരാധനാലയങ്ങള്‍, തിയറ്ററുകള്‍, കല്യാണ മണ്ഡപങ്ങള്‍, ഓഡിറ്റോറിയം, ലൈബ്രറികള്‍, സംഭരണശാലകള്‍, കുടിലുകള്‍ തുടങ്ങി എല്ലാവിധ നിര്‍മാണങ്ങളും പെര്‍മിറ്റില്‍നിന്ന് ഒഴിവാണ്. ഇത്തരം കെട്ടിടങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നതിനു പത്തു ദിവസം മുന്‍പു പഞ്ചായത്തു സെക്രട്ടറിക്കു രേഖാമൂലം അറിയിപ്പു നല്‍കിയാല്‍ മതി. എന്നാല്‍ റോഡില്‍നിന്നും അതിരില്‍നിന്നും നിശ്ചിത അകലം പാലിച്ചു കൊണ്ടായിരിക്കണം നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയായ കെട്ടിടങ്ങള്‍ക്കു പുതിയ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധിച്ചു നന്പര്‍ നല്‍കണമെന്നു മന്ത്രി പാലോളി മുഹമ്മദ്കുട്ടി അറിയിച്ചു.
website www.chcalappad.co.nr