ഈസ്റ്റേണ്‍ കറിപ്പൊടിയില്‍ മായം
മാധ്യമങ്ങള്‍ സംഘം ചേര്‍ന്ന് വാര്‍ത്ത മുക്കി
കൊച്ചി: മാരകമായ കാന്‍സര്‍ രോഗത്തിന് കാരണമാകുന്ന സുഡാന്‍ ഡൈ കലര്‍ന്ന കറിമസാല പിടികൂടിയ സംഭവം മലയാളത്തിലെ ഒന്നൊഴികെയുള്ള എല്ലാ മാധ്യമങ്ങളും സംഘം ചേര്‍ന്ന് മുക്കി.
ഈസ്റ്റേണ്‍ കറിപൗഡര്‍ നിര്‍മ്മാതാക്കളായ ഈസ്റ്റേണ്‍ കോണ്ടിനെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കോതമംഗലം ഇരമലപ്പടിയിലുള്ള ഫാക്ടറിയില്‍ നിന്നും കണ്ടെടുത്ത് നശിപ്പിച്ച 1200 കിലോ മുളക്പൊടി കുഴിച്ചുമൂടിയ സംഭവമാണ് മുക്കിയിട്ടുള്ളത്.
സ്പൈസസ് ബോര്‍ഡ് കൊച്ചി യൂണിറ്റിലെ ഫുഡ് സേഫ്റ്റി ഡിസൈനേറ്റര്‍ ആയ കെ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഫുഡ് ഇന്‍സ്പെക്ടര്‍മാരായ അബ്ദുള്‍ ജലീല്‍, ബൈജു പി.ജോണ്‍ എന്നിവരാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്.
സാമ്പിളുകളില്‍ നിന്നു മാത്രം 1200 കിലോയില്‍ സുഡാന്‍ ഡൈ കലര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇതാണ് നശിപ്പിച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനായുളള്ള ഏറ്റവും പുതിയ ബാച്ചിലാണ് മായം കലര്‍ന്നിട്ടുള്ളതത്രേ.
അര്‍ബുദം, കരള്‍ സംബന്ധമായ രോഗങ്ങള്‍ മുതലായവ മനുഷ്യശരീരത്തില്‍ പിടിപെടാന്‍ സുഡാന്‍ ഡൈ എന്ന രാസവസ്തു ഇടയാക്കും. കേരളത്തില്‍ ഭക്ഷ്യ വസ്തുക്കളില്‍ സാധാരണ ഗതിയില്‍ നിറം കിട്ടാനായി സുഡാന്‍ ഡൈ ഉപയോഗിക്കാറില്ല. കയറുല്‍പ്പന്നങ്ങളില്‍ നിറം കലര്‍ത്താനാണ് സുഡാന്‍ ഡൈ സാധാരണ ഗതിയില്‍ ഉപയോഗിക്കുന്നത്.
സ്പൈസസ് ബോര്‍ഡ് ഈസ്റ്റേണ്‍ കമ്പനിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഒരു കിലോ കറിപൗഡറില്‍ 14 മൈക്രോ ഗ്രാം സുഡാന്‍ (4) കലര്‍ന്നതായാണ് കാണിച്ചിട്ടുള്ളത്. എന്നാല്‍ യൂറോപ്പിലെ ഏറ്റവും വലിയ കറിപൗഡര്‍ നിര്‍മ്മാതാക്കളായ ഡ്ണ്‍ ജോണ്‍സ് എന്ന കമ്പനിയുമായി കരാറിലേര്‍പ്പെട്ടിരിക്കുന്നതും, കേരളത്തിലെ ഭരണത്തില്‍ ഉന്നത് ബന്ധങ്ങളും ഉള്ള വ്യവസായിയുടെ ഇടപെടലാണ് കിലോയില്‍ 140 ഗ്രാം കണ്ടെത്തിയത് 14 മൈക്രോഗ്രാമിലേക്ക് ചുരുങ്ങിയതെന്ന് ഇതിനോടകം ആരോപണം ഉയര്‍ന്നു. സാമ്പിളുകള്‍ മാത്രമാണ് നശിപ്പിച്ചിട്ടുള്ളതെന്നാണ് അറിവ്.
ഇതിനിടെ പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന കവറിലെ മഷി കലര്‍ന്നതാണ് മായമായി കണ്ടെത്തിയിട്ടുള്ളതെന്നാണ് കമ്പനിയുടെ വിശദീകരണം.
എന്നാല്‍, ടെട്രാ പായ്ക്കില്‍ വായു കടക്കാത്ത നിലയില്‍ പാക്ക് ചെയ്തിട്ടുള്ള മുളക് പൊടിയില്‍ മഷി കലരാനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ദാഭിപ്രായം.
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അയക്കുന്ന മുളക്പൊടിയില്‍ മായം കണ്ടെത്തിയാല്‍ അവ തിരിച്ചുവരില്ലെന്നും അത് ആ രാജ്യത്ത നശിപ്പിക്കുകയുമാണ് പതിവെന്ന് കയറ്റുമതിക്കാരനായ ഒരു വ്യവസായി സൂചിപ്പിച്ചു.
എന്നാല്‍ ഇത് ഇന്‍ഡ്യയുടെ ഭക്ഷ്യോല്‍പ്പന്ന കയറ്റുമതിയില്‍ വന്‍ ഇടിവിന് കാരണമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ ഗള്‍ഫ് നാടുകളിലേക്ക് കയറ്റി അയക്കുന്നവ തിരിച്ചെത്താറുണ്ട്. ഇത് പിന്നീട് ചൂടാക്കിയും മറ്റും ഇന്‍ഡ്യന്‍ വിപണിയില്‍ വിറ്റഴിക്കുകയാണ് പതിവത്രേ.